ഓണം വിപണിയിൽ ചരിത്ര മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഇതിൽ സബ്സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്സിഡി ഇനത്തിൽ 135 കോടി രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദർശിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം രണ്ടു കോടി രൂപയോളം വരുമാനം ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിലാണ് ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത്; 32 ലക്ഷം രൂപ. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ഫെയറിലൂടെ 30 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു. എഎവൈ വിഭാഗത്തിനുള്ള ആറു ലക്ഷം സൗജന്യ കിറ്റുകളിൽ 4,32,000 എണ്ണം റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് 20-ഓടെ മുഴുവൻ കിറ്റുകളും ലഭ്യമാക്കുമെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.