തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഓഗസ്റ്റ് 23 ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 24 തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതോടൊപ്പം കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വൈകിട്ട് 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ തീരദേശ മേഖലകളിൽ കടലാക്രമണത്തിനും വെള്ളം കയറാനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
