തിരുവനന്തപുരം: വീട് പൂട്ടി ദീർഘദൂര യാത്ര പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'പോൽ ആപ്പ്' (Pol-App) വഴി ലോക്ക്ഡ് ഹൗസ് സേവനം പ്രയോജനപ്പെടുത്താം. വീട് പൂട്ടി പോകുന്ന വിവരം ആപ്പിലൂടെ നൽകിയാൽ പോലീസ് ആ പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുൻപെങ്കിലും വിവരം ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് വരെ മുൻകൂട്ടി വിവരം അറിയിക്കാനുള്ള സൗകര്യമുണ്ട്. പരമാവധി 14 ദിവസം വരെയാണ് പോലീസിന്റെ ഈ പ്രത്യേക നിരീക്ഷണ സേവനം ലഭ്യമാകുക.
യാത്ര പോകുന്ന തീയതി, വീടിന്റെ ലൊക്കേഷൻ, വീട്ടുപേര്, അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവയാണ് ആപ്പിൽ രേഖപ്പെടുത്തേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ 'Pol-App' ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
