കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡിന്റെ വ്യാപക പരിശോധന. ആരോഗ്യ - തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സ്പെഷ്യൽ ഡ്രൈവിന്റെ ആദ്യ രണ്ടുദിവസത്തിനിടയിൽ 1808 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഫ്റ്റ് ഡ്രിങ്ക്സ് ആൻഡ് ഐസ് ഉൽപാദന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 111 കടകൾക്ക് നോട്ടീസ് നൽകുകയും നാലെണ്ണം അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യൽ, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കൽ, അശാസ്ത്രീയ മാലിന്യ സംസ്കരണം, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കൽ, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി.
