കൊച്ചി: പ്രമാദമായ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കേസിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും അന്വേഷണം ആരംഭിച്ചു. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനോട് ഏറെ രൂപസാദൃശ്യമുള്ള മലയാളി വയോധികൻ ബിസിനസ് നടത്തുന്നതായാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.
ഇയാളുടെ 2023-ലെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള സൂചനകൾ സൈബർ വിദഗ്ധന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ നിർണായക വഴിത്തിരിവ്. എന്നാൽ, ചിത്രത്തിൽ കാണുന്ന വ്യക്തി യഥാർത്ഥത്തിൽ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിഷയത്തിൽ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
