Zygo-Ad

സ്നേഹപൂർവം പദ്ധതി: വരുമാന പരിധി പരിഷ്കരിക്കാത്തതിനാൽ അർഹരായ വിദ്യാർത്ഥികൾ പുറത്ത്


തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന 'സ്നേഹപൂർവം' പദ്ധതിയുടെ വരുമാന പരിധി കാലോചിതമായി പരിഷ്കരിക്കാത്തത് കാരണം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ആനുകൂല്യം നഷ്ടപ്പെടുന്നതായി പരാതി. 20 വർഷം മുൻപ് നിശ്ചയിച്ച പ്രതിവർഷ വരുമാന പരിധിയായ 22,250 രൂപ തന്നെയാണ് ഇപ്പോഴും മാനദണ്ഡമായി തുടരുന്നത്.

നിലവിൽ വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന കുറഞ്ഞ വാർഷിക വരുമാന സർട്ടിഫിക്കറ്റുകളിൽ പോലും തുക ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് രേഖപ്പെടുത്താറുള്ളത്. മറ്റ് സർക്കാർ സ്കോളർഷിപ്പുകൾക്ക് ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധി അനുവദിക്കുമ്പോഴാണ് സ്നേഹപൂർവം പദ്ധതിയിൽ ഈ തുക മാറാതെ നിൽക്കുന്നത് (ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന പരിധി ബാധകമല്ല).

അങ്കണവാടി വിദ്യാർത്ഥികൾ മുതൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വരെ പ്രതിവർഷം 1,500 രൂപ മുതൽ 10,000 രൂപ വരെ ധനസഹായം നൽകുന്നതാണ് പദ്ധതി. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണത്തിൽ വലിയ കാലതാമസമാണ് നേരിടുന്നത്. ഒറ്റത്തവണയായി നൽകേണ്ട തുക ഗഡുക്കളായാണ് അനുവദിക്കുന്നത്. മറ്റ് സ്കോളർഷിപ്പുകൾ ഡിജിറ്റൽ സംവിധാന വഴി അപേക്ഷിക്കുമ്പോൾ സ്നേഹപൂർവം പദ്ധതിയുടെ അപേക്ഷാ സമർപ്പണം ഇനിയും പൂർണ്ണമായി ഓൺലൈനിലേക്ക് മാറാത്തതും അപേക്ഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ