Zygo-Ad

'ലുങ്കിവാല' പരാമർശം: രാജ്യസഭയിൽ വൻ പ്രതിഷേധം; മലയാളിയെന്നതിൽ അഭിമാനമെന്ന് ബ്രിട്ടാസ്


ന്യൂഡൽഹി: ബി.ജെ.പി എം.പി സുഷ്മിത ദേവിന്റെ 'ലുങ്കിവാല' പരാമർശത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധവും ബഹളവും. സി.പി.ഐ.എം എം.പി ജോൺ ബ്രിട്ടാസ് വിഷയം സഭയിൽ ഉന്നയിക്കുകയും സുഷ്മിത ദേവിനെതിരെ അവകാശലംഘന നോട്ടീസ് നൽകുകയും ചെയ്തു.

താൻ സംസാരിക്കവേ തൊട്ടുപിന്നിലിരുന്ന സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ച് നിരന്തരം പരിഹസിച്ചെന്നും, താൻ ധരിച്ചിരിക്കുന്നത് മുണ്ടാണ് (ധോത്തി) എന്നും ഒരു മലയാളി എന്നതിൽ ഓരോ നിമിഷവും അഭിമാനിക്കുന്നുവെന്നും ബ്രിട്ടാസ് സഭയിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും പ്രാദേശിക വസ്ത്രധാരണ രീതികളെയും അവഹേളിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ റൂളിങ് നൽകി. തുടർന്ന് വിഷയം സംസാരിച്ച് തീർക്കുന്നതിനായി ഇരു അംഗങ്ങളെയും അദ്ദേഹം ചേംബറിലേക്ക് വിളിപ്പിച്ചു.

വിഷയത്തിൽ ബി.ജെ.പി എം.പിമാർ സുഷ്മിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയില്ലെങ്കിലും, അവരുടെ ഭാഗം കൂടി കേൾക്കണമെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും കിരൺ റിജിജുവും സഭയോട് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതികളെ ബഹുമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ നഡ്ഡ, ഭരണപക്ഷം ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടർന്ന് രാജ്യസഭാ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചു.



വളരെ പുതിയ വളരെ പഴയ