ബംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനുള്ള കാവേരി ജലനിയന്ത്രണ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) ഉത്തരവിനെതിരെ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് വ്യാഴാഴ്ച നടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. പ്രമുഖ കന്നഡ സംഘടനാ നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ നടക്കുന്ന ബന്ദിന് രണ്ടായിരത്തിലധികം കന്നഡ അനുകൂല സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നതിനൊപ്പം മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികൾ വേഗത്തിലാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. അടുത്ത 15 ദിവസത്തേക്ക് ദിവസേന 12,000 ക്യുസെക്സ് വീതം വെള്ളം വിട്ടുനൽകാനാണ് ചൊവ്വാഴ്ച ഉത്തരവുണ്ടായത്. ബന്ദ് പിൻവലിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചെങ്കിലും സംഘാടകർ നിരസിക്കുകയായിരുന്നു.
ബസ് സർവീസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ, കടകമ്പോളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ബന്ദ് ബാധിക്കും. അന്തർസംസ്ഥാന വാഹനഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ കർണാടക-തമിഴ്നാട് അതിർത്തിയായ അത്തിബെലെ മേഖല വഴി യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
എന്നാൽ ആശുപത്രികൾ, ഫാർമസികൾ, ആംബുലൻസ്, പാൽ, പച്ചക്കറി വിതരണം തുടങ്ങിയ അവശ്യ സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകൾ അടച്ചിടില്ലെന്ന് മാനേജ്മെന്റുകൾ അറിയിച്ചിട്ടുണ്ട്.
