Zygo-Ad

സവാളയ്ക്ക് തീവില: കുടുംബ ബജറ്റ് പൊള്ളുന്നു; വിലക്കയറ്റത്തിന് കാരണം പൂഴ്ത്തിവെപ്പെന്ന് കേന്ദ്രം


ന്യൂഡൽഹി: വിപണിയിൽ സവാള വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയാകുന്നു. ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സവാളയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 60 മുതൽ 65 രൂപ വരെയായി ഉയർന്നു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇടനിലക്കാരുടെ അമിത ലാഭമെടുക്കൽ എന്നിവയാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം, വിലക്കയറ്റം പിടിച്ചുനിർത്താൻ ബഫർ സ്റ്റോക്കിൽ നിന്നുള്ള സവാള വിപണിയിലെത്തിച്ചു തുടങ്ങി. എൻ.സി.സി.എഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴി കിലോയ്ക്ക് 35 രൂപ സബ്സിഡി നിരക്കിൽ സവാള ലഭ്യമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. വിപണിയിൽ ആവശ്യത്തിന് സവാള ലഭ്യമാണെന്നും അതിനാൽ കയറ്റുമതി നിരോധനം നിലവിൽ പരിഗണനയിലില്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. എന്നാൽ കർഷകർക്ക് ലഭിക്കുന്ന തുകയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷക സംഘടനകൾ ആരോപിച്ചു.



വളരെ പുതിയ വളരെ പഴയ