Zygo-Ad

നീറ്റ് പിജി പരീക്ഷ ഇന്ന്; രാജ്യത്തുടനീളം ഒരൊറ്റ ഷിഫ്റ്റിൽ പരീക്ഷ നടക്കും


കണ്ണൂർ: രാജ്യത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പിജി (NEET PG 2026) പരീക്ഷ ഇന്ന് നടക്കും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) നേതൃത്വത്തിൽ ഒരൊറ്റ ഷിഫ്റ്റായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷാ സമയം.

രാവിലെ 7 മണി മുതൽ റിപ്പോർട്ടിങ് ആരംഭിക്കും. 8.30 ന് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കില്ല. കണ്ണൂർ ജില്ലയിൽ 9 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഇയോൺ ഡിജിറ്റൽ സോൺ (ചെറുകുന്ന്), ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ് (കോറോം), കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി (പയ്യന്നൂർ), ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ചാല), മേരിഗിരി ഇ പാർക്ക് (പൊടിക്കളം), ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ് (മാങ്ങാട്ടുപറമ്പ്), കണ്ണൂർ ഓൺലൈൻ അസെസ്മെന്റ് സെന്റർ (ചാലാട്), ചിന്മയ വിദ്യാലയ (ചാല), കോളേജ് ഓഫ് എഞ്ചിനീയറിങ് (തലശ്ശേരി) എന്നിവയാണ് കണ്ണൂരിലെ കേന്ദ്രങ്ങൾ.

കളർ പ്രിന്റ് ചെയ്ത അഡ്മിറ്റ് കാർഡ്, ഒറിജിനൽ തിരിച്ചറിയൽ രേഖ, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പരീക്ഷാർത്ഥികൾ കരുതേണ്ടതാണ്. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. പരീക്ഷാർത്ഥികൾക്ക് കർശന സുരക്ഷാ പരിശോധന ഉണ്ടായിരിക്കും.



വളരെ പുതിയ വളരെ പഴയ