Zygo-Ad

നീറ്റ് പിജി പരീക്ഷ ഈ മാസം 30ന്; അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം

 


ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശന പരീക്ഷയായ നീറ്റ് പിജിക്കുള്ള അഡ്മിറ്റ് കാർഡുകൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകുമെന്ന് നാഷണൽ മെഡിക്കൽ സയൻസസ് എജുക്കേഷൻ ബോർഡ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസമിലെയും മേഘാലയയിലെയും പ്രത്യേക സാഹചര്യങ്ങളും അവിടുത്തെ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളും പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് ബോർഡ് വ്യക്തമാക്കി.

നേരത്തെ ഓഗസ്റ്റ് 27ന് ലഭ്യമാക്കാനിരുന്ന അഡ്മിറ്റ് കാർഡുകൾ പിന്നീട് ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, ചില അടിയന്തര സാഹചര്യങ്ങൾ കാരണം ഇത് ഓഗസ്റ്റ് 25-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. ഈ മാസം 30ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലായാണ് പരീക്ഷ നടക്കുന്നത്. രാജ്യത്തുടനീളമുള്ള 340 നഗരങ്ങളിലെ 1,300ലധികം കേന്ദ്രങ്ങളിൽ പരീക്ഷ ക്രമീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ ഹാളിൽ ഹാജരാക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രം, സമയം, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ