കണ്ണൂർ: പൊന്നോണത്തെ വരവേൽക്കാൻ ഒടുവിലത്തെ ഒരുക്കങ്ങളുമായി മലയാളക്കര ഇന്ന് ഉത്രാടപ്പാച്ചിലിൽ. ഓണാഘോഷത്തിനായി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ നാടും നഗരവും ഒരുപോലെ വിപണികളിലേക്ക് ഒഴുകിയെത്തുന്നതോടെ ഉത്രാട ദിനത്തിൽ വഴിയോരങ്ങളും മാളുകളും തിങ്ങിനിറയും.
തിരുവോണ സദ്യയ്ക്കുള്ള പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പുത്തൻ വസ്ത്രങ്ങൾ, പൂക്കൾ എന്നിവ വാങ്ങാനുള്ള തിരക്കിലായിരിക്കും ഇന്ന് ജനങ്ങൾ. പണ്ട് ഗ്രാമച്ചന്തകളെ കേന്ദ്രീകരിച്ചായിരുന്നു ഉത്രാടപ്പാച്ചിലെങ്കിൽ ഇന്നിത് നഗരങ്ങളിലെ മാളുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും ഓൺലൈൻ വിപണികളിലേക്കും കൂടി വ്യാപിച്ചിട്ടുണ്ട്. ഉത്രാട ദിനം വൈകിട്ട് വരെ കച്ചവട സ്ഥാപനങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
