കൊച്ചി: വിവാദമായ മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ് നിലനിൽക്കില്ലെന്നും മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയിരുന്നു. പ്രാഥമിക കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ പ്രതികൾ തയ്യാറാകാതിരുന്നത്.
ഈ മാസം ആറിനും പത്തിനും കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചെങ്കിലും രണ്ട് തവണയും പ്രതികൾ ഹാജരായിരുന്നില്ല. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും.
വയനാട്ടിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലെ ടിംബർ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിൽപ്പന നടത്തിയെന്നും കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
