തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മൂലം അപകടത്തിൽപ്പെടുന്ന ഇരകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും യഥാസമയം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്.
കെഎസ്ആർടിസിയുടെ പകുതിയോളം ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് സർവീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. വിവര സാങ്കേതിക നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസണാണ് കമ്മീഷനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കെഎസ്ആർടിസി എംഡിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. കെഎസ്ആർടിസി ബസുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ചീഫ് ലോ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മുഖേന യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകി വരുന്നുണ്ട്. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ പരാതി നൽകാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിഷയം പരിശോധിച്ച കമ്മീഷൻ അർഹരായവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
