കൊല്ലം: കോട്ടാത്തലയിൽ യുവാവ് വെട്ടേറ്റു മരിച്ചു. മൂഴിക്കോട് ആദർശ് ഭവനിൽ ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ സുനിതാ ഭവനിൽ സുനിൽകുമാർ (41) പോലീസിന്റെ കസ്റ്റഡിയിലായി. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒറ്റപ്പെട്ട സ്ഥലത്തുള്ള സുനിലിന്റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുനിൽ കോടാലിക്കൈ കൊണ്ട് ആദർശിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആദർശ് തിരിച്ചടിച്ചതോടെ പ്രകോപിതനായ സുനിൽ കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇയാൾ പോലീസിനെ വിവരമറിയിച്ചത്. പുത്തൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആദർശിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
