പയ്യന്നൂർ: യു.കെയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 14,57,300 രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കായി പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. പുഞ്ചക്കാട് ഐശ്വര്യയിലെ പി. മിനിമോളിന്റെ (38) പരാതിയിലാണ് ഡോ. ലൂയീസ് ഒവൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തത്.
2023-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വാട്‌സ്ആപ്പ് വഴിയാണ് ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ കാണാനായി ഇന്ത്യയിലേക്ക് വരികയാണെന്ന് അറിയിക്കുകയായിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചെന്നും, കൈവശമുണ്ടായിരുന്ന 50,000 പൗണ്ട് പിടിച്ചെടുത്തെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. തുക വിട്ടുകിട്ടാനും തന്നെയയും മകളെയും കസ്റ്റംസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനും പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
വാട്‌സ്ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ടാണ് പ്രതി യുവതിയിൽനിന്ന് ഘട്ടംഘട്ടമായി പണം തട്ടിയത്. വ്യാജ വാർത്തകളും സന്ദേശങ്ങളും നൽകി വിശ്വസിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വഞ്ചിക്കപ്പെട്ടതാണെന്ന് മനസ്സിലായതോടെ യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
