Zygo-Ad

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. ശക്തമായ മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും നൽകിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുകയാണ്.

അതേസമയം, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) നാളെ രാത്രി 8.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം വ്യക്തമാക്കി.

ശക്തമായ കാറ്റിൽ മരങ്ങൾ വീണും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ നിർത്തിയിടാനോ പാടില്ല. വീട്ടുപറമ്പുകളിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടാൽ ഉടൻ തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

 

വളരെ പുതിയ വളരെ പഴയ