Zygo-Ad

സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു, ഓണച്ചെലവ് പതിനായിരം കോടി കടന്നു

 


തിരുവനന്തപുരം: ഓണക്കാലത്തെ ഭാരിച്ച ചെലവുകൾ നേരിട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട കടപത്രങ്ങളുടെ ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി നടക്കും.

​ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷനുകൾ, വിപണി ഇടപെടൽ എന്നിവയ്ക്കായി ഓണക്കാലത്ത് പതിനായിരം കോടിയോളം രൂപയാണ് സർക്കാരിന് ചെലവായത്. ഇതിനായി ഈ മാസം നേരത്തെ 2200 കോടി രൂപ കടമെടുത്തിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിനുള്ളിൽ തന്നെ സർക്കാർ 26,461.75 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഇത് ബജറ്റിൽ ലക്ഷ്യമിട്ട ആകെ കടമെടുപ്പിന്റെ 46.91 ശതമാനമാണ്.

​ഓണക്കാലത്തെ വ്യാപാരത്തിലൂടെ ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതി വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ആദ്യ നാല മാസത്തിൽ 13,880.82 കോടി രൂപയാണ് സംസ്ഥാനത്തിന് ജി.എസ്.ടി വരുമാനമായി ലഭിച്ചത്. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ചേർന്ന് 27,000 കോടി രൂപയുടെ കടപത്ര ലേലമാണ് ഇപ്പോൾ നടത്തുന്നത്.

 

വളരെ പുതിയ വളരെ പഴയ