Zygo-Ad

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 873 പേർക്ക് കൂടി ഹജ്ജിന് അവസരം


കേരളം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് 873 പേർക്ക് കൂടി പുതുതായി അവസരം ലഭിച്ചു. വെയ്റ്റിങ് ലിസ്റ്റിലെ ഒന്ന് മുതൽ 873 വരെയുള്ള റാങ്കുകാരാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ടത്.

അവസരം ലഭിച്ച തീർത്ഥാടകർ ആദ്യ ഗഡുവായ 1,52,300 രൂപ ഈ മാസം 30-നകം അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. പുതിയ ആളുകളെക്കൂടി ഉൾപ്പെടുത്തിയതോടെ കേരളത്തിൽ നിന്ന് ഇതുവരെ അവസരം ലഭിച്ചവരുടെ ആകെ എണ്ണം 12,012 ആയി ഉയർന്നു.

നേരത്തെ 8,175 പേർക്ക് നേരിട്ടും 2,964 പേർക്ക് നറുക്കെടുപ്പിലൂടെയുമായി 11,139 പേർക്കാണ് അവസരം ലഭിച്ചിരുന്നത്. തുടർന്ന് 13,091 പേരെ ഉൾപ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച വെയ്റ്റിങ് ലിസ്റ്റിൽ നിന്നാണ് ഇപ്പോൾ ആദ്യ 873 പേരെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് ആകെ 24,230 അപേക്ഷകരാണ് ഈ വർഷം ഉണ്ടായിരുന്നത്.

രാജ്യത്താകമാനം 10 സംസ്ഥാനങ്ങളിലായി 6,863 ഒഴിവുകളാണ് ആദ്യ വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് അനുവദിച്ചത്. ഇതിൽ മഹാരാഷ്ട്ര (1,958), കർണാടക (1,168), തെലങ്കാന (694), ഗുജറാത്ത് (672), മധ്യപ്രദേശ് (551), തമിഴ്നാട് (500), ഡൽഹി (343), ഛത്തീസ്ഗഡ് (82), മണിപ്പൂർ (22) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച സീറ്റുകൾ.



വളരെ പുതിയ വളരെ പഴയ