Zygo-Ad

മുല്ലപ്പൂവിന് പൊന്നു വില, പിച്ചിപ്പൂ തൊട്ടാൽ പൊള്ളും : ഇത്തവണ ഓണപ്പൂക്കളത്തിന് ചിലവേറും

 


കണ്ണൂർ: നാടൊട്ടുക്കും ഓണാഘോഷങ്ങൾ സജീവമായതോടെ സംസ്ഥാനത്ത് പൂക്കൾക്ക് വൻ വിലക്കയറ്റം. മുൻവർഷങ്ങളെ അപേക്ഷിച്ച് മുല്ലപ്പൂവിനും പിച്ചിപ്പൂവിനുമാണ് വിപണിയിൽ വൻ വിലവർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

​നിലവിൽ തമിഴ്‌നാട്ടിൽ ഒരു കിലോ മുല്ലപ്പൂവിന് നാലായിരം മുതൽ ആറായിരം രൂപ വരെയാണ് വില. കേരളത്തിൽ എത്തുമ്പോൾ ഇത് വീണ്ടും ഉയരുകയാണ്. നിലവിൽ കേരളത്തിലെ ചില്ലറ വിപണിയിൽ ഒരു മുഴം മുല്ലപ്പൂവിന് 100 മുതൽ 150 രൂപ വരെ നൽകണം. പിച്ചിപ്പൂവിന് ചിലയിടങ്ങളിൽ മുഴത്തിന് 100 രൂപ വരെ ഈടാക്കുന്നുണ്ട്. ചിങ്ങമാസത്തിലെ വിവാഹ തിരക്കും തിരുവോണം അടുത്തതും കാരണം ഈ മാസം മുഴുവൻ പൂവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലും കാലം തെറ്റിയുണ്ടായ മഴയെത്തുടർന്ന് പൂകൃഷി നശിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില കുത്തനെ ഉയരാൻ കാരണം.

​അത്തപ്പൂക്കളത്തിന് ആവശ്യക്കാർ കൂടിയതോടെ അരളി, വെള്ള ജമന്തി, ചെത്തി തുടങ്ങിയ പൂക്കൾക്കും വില വർധിച്ചിട്ടുണ്ട്. വിപണിയിൽ അരളിക്കും കിലോയ്ക്ക് 500 രൂപയും വെള്ള ജമന്തിക്കും ചെത്തിക്കും 600 രൂപയുമാണ് വില. എന്നാൽ local കൃഷിയുള്ള മഞ്ഞ, ഓറഞ്ച് ജമന്തികൾക്ക് കിലോയ്ക്ക് 250 രൂപ മാത്രമാണ് നിലവിലുള്ളത്. നാട്ടിൻപുറങ്ങളിൽ ധാരാളമായി ലഭിക്കുന്ന തുളസിക്ക് കിലോയ്ക്ക് 100 രൂപയും വാടാമുല്ലയ്ക്ക് 200 രൂപയുമാണ് വില. വില വർധിച്ചതോടെ ആളുകൾ വാങ്ങുന്ന പൂക്കളുടെ അളവ് കുറച്ചിട്ടുണ്ടെങ്കിലും തലയിൽ ചൂടാൻ മുല്ലപ്പൂവിന് പകരം അരളിപ്പൂവ് വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ