Zygo-Ad

ഓപ്പറേഷൻ ഗ്രിപ്പ്: കണ്ണൂർ കെ.എസ്.ആർ.ടി.സി. കൊലപാതകക്കേസിലെ പ്രതി ഒൻപത് വർഷത്തിന് ശേഷം പിടിയിൽ



കണ്ണൂർ: ഒൻപത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി. കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനിൽ നടന്ന കൊലപാതകക്കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 'ഓപ്പറേഷൻ ഗ്രിപ്പ്' നടപടിയുടെ ഭാഗമായി പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ അസീസ് (അബ്ദുള്ള - 55) ആണ് മലപ്പുറം മുന്നിയൂരിൽ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. 2017 ജനുവരി 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് തലയ്ക്കടിക്കുകയും തുടർന്ന് ക്രൂരമായി ചവിട്ടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കേസിലെ കൂട്ടുപ്രതി നിലവിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കോടതി പിടികൂടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ അഷ്റഫ്, അസീസ് എന്നീ വ്യാജ പേരുകളിൽ മംഗളൂരു, കാസർഗോഡ് എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്ത് കുറ്റവാളികളെ പിടികൂടാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഗ്രിപ്പി'ന്റെ ഭാഗമായി ജില്ലയിൽ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 40-ഓളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

-


വളരെ പുതിയ വളരെ പഴയ