കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായ 'കുട്ടി സഖാവ്' ഇൻസ്റ്റഗ്രാം അക്കൗണ്ടും വൈറൽ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും മെറ്റ പൂട്ടി. കുട്ടി സഖാക്കളെ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ നടപടി.
വീഡിയോ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരാണ് ഇതിനുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പേജ് നീക്കം ചെയ്യപ്പെട്ടത്.
എന്നാൽ അക്കൗണ്ട് പൂട്ടിയിട്ടതിന്റെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി ഔദ്യോഗികമായി അപ്പീൽ നൽകിയിട്ടുണ്ടെന്ന് പേജ് കൈകാര്യം ചെയ്യുന്നവർ അറിയിച്ചു. ഒരേസമയം രണ്ട് അക്കൗണ്ടുകൾക്കെതിരെ മെറ്റ നടപടിയെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
