തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ഡോ. ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വനിത ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് പുതിയ ട്രഷറർ.
ആര്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 92 അംഗ സംസ്ഥാന കമ്മിറ്റിയെയും 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവർ വൈസ് പ്രസിഡന്റുമാരും ഗ്രീഷ്മ അജയഘോഷ് ജോയിന്റ് സെക്രട്ടറിയുമാണ്.
കൊല്ലം സ്വദേശിയായ ഡോ. ചിന്ത ജെറോം എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ, സെനറ്റ്-സിൻഡിക്കേറ്റ് അംഗം, കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത, നിലവിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
കണ്ണൂർ കല്ല്യാശ്ശേരി എംഎൽഎയായ എം വിജിൻ ബാലസംഘത്തിലൂടെയാണ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ആർ രാഹുൽ നിലവിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ അംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
