തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റുന്ന നടപടികളുടെ ഭാഗമായി അനാവശ്യ പാഴ്‍ചെലവുകൾ ഒഴിവാക്കണമെന്ന് നിർദേശിച്ച് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കി. പേരുമാറ്റത്തിന്റെ പേരിൽ ഓഫീസ് ബോർഡുകൾ, ലെറ്റർ ഹെഡുകൾ, മറ്റ് ഔദ്യോഗിക സാമഗ്രികൾ എന്നിവ പെട്ടെന്ന് മാറ്റിസ്ഥാപിച്ച് പണം പാഴാക്കരുതെന്ന് വകുപ്പുമേധാവികൾക്ക് മുന്നറിയിപ്പ് നൽകി.
നിലവിലുള്ള സ്റ്റോക്കുകൾ തീരുന്ന മുറയ്ക്ക് മാത്രം പുതിയ പേര് പതിച്ച ബോർഡുകളും ലെറ്റർ ഹെഡുകളും ഉപയോഗിച്ചാൽ മതിയെന്നാണ് നിർദേശം. പേരുമാറ്റത്തിന്റെ പേരിൽ ഖജനാവിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കരുതെന്ന നിലപാടിലാണ് സർക്കാർ. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കുലർ ബാധകമായിരിക്കും.
