രാജ്യത്തുടനീളം 'ഒരു രാജ്യം, ഒരു സമയം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നിർണായക വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമപരവും വാണിജ്യപരവും ഡിജിറ്റൽ, ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇനിമുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) നിർബന്ധമാക്കും. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങൾ 2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതോടെ 2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഈ സംവിധാനത്തിലേക്ക് മാറേണ്ടി വരും.
ജിപിഎസ് അടക്കമുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പൂർണ്ണമായി ഒഴിവാക്കി സുരക്ഷിതമായ ദേശീയ സമയക്രമം നിർമ്മിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ടെലികോം, ഇന്റർനെറ്റ് മേഖലകളും നിരവധി ഡിജിറ്റൽ സംവിധാനങ്ങളും സമയത്തിനായി വിദേശ സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തുന്നത്.
പുതിയ മാറ്റം ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനുപുറമേ ഗതാഗതം, ആശയവിനിമയം, ടെലികോം ശൃംഖലകൾ എന്നിവയിൽ കൃത്യവും ഏകോപിതവുമായ സമയക്രമം ഉറപ്പാക്കാനും ഈ തീരുമാനം വഴിതുറക്കും.
