Zygo-Ad

ഓണം ബമ്പർ വില്പന റെക്കോർഡിലേക്ക്: സർക്കാരിന് ഒരുമാസം കൊണ്ട് ലഭിച്ചത് 174 കോടി രൂപ

 


തിരുവനന്തപുരം: ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. വില്പന തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ 44,82,440 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 500 രൂപ വിലയുള്ള ടിക്കറ്റിൽ ഏജന്റുമാർ നൽകേണ്ട തുക കണക്കാക്കുമ്പോൾ സർക്കാരിലേക്ക് ഇതുവരെ 174,81,51,600 രൂപ ലഭിച്ചു കഴിഞ്ഞു.

​ആകെ നൽകേണ്ട സമ്മാനത്തുകയായ 125.54 കോടിയും ഏജൻസി കമ്മിഷനായ 12.55 കോടിയും ഉൾപ്പെടെ 138.09 കോടി രൂപയാണ് ചെലവ് വരുന്നത്. നറുക്കെടുപ്പിന് ഇനിയും 28 ദിവസം ബാക്കിനിൽക്കെയാണ് ഈ മികച്ച നേട്ടം.

​2022-ൽ ഒന്നാം സമ്മാനം 25 കോടിയാക്കി ഉയർത്തിയത് മുതൽ ഓണം ബമ്പറിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ടിക്കറ്റ് നിരക്ക് മാറ്റാതെ ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തുകയായിരുന്നു. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ആകെ 5,34,670 സമ്മാനങ്ങളുള്ള ഇത്തവണത്തെ ബമ്പർ നറുക്കെടുപ്പ് സെപ്റ്റംബർ 26-ന് നടക്കും.

​ 

വളരെ പുതിയ വളരെ പഴയ