Zygo-Ad

സംസ്ഥാനത്ത് ശക്തമായ മഴ: പലയിടത്തും ഉരുൾപൊട്ടൽ; മൂന്ന് മരണം, കുടുംബത്തെ കാണാതായി.

തൊടുപുഴ/കോട്ടയം: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപക ഉരുൾപൊട്ടൽ. തൊടുപുഴയ്ക്ക് സമീപം മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടി. കൂടാതെ പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം. മഴക്കെടുതികളിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പ്രഭാകരൻ നായർ (72) മരിച്ചു. കോട്ടയം പൂഞ്ഞാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അംഗങ്ങളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

പലയിടങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയ പാതയിലടക്കം മണ്ണിടിച്ചിലുണ്ടായി ഗതാഗതം സ്തംഭിച്ചു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാമുക്ക് ജംഗ്ഷനിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. തേക്കടി - കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ - തൊടുപുഴ, ഉപ്പുതറ - ഈരാറ്റുപേട്ട - കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേ തുടങ്ങിയ പ്രധാന പാതകളിലും ഗതാഗതം മുടങ്ങിയിട്ടുണ്ട്. പെരിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

> **സഹായത്തിന് ബന്ധപ്പെടാം:**

> 📞 **മൊബൈൽ:** 9497960963, 9497908045

> ☎️ **ലാൻഡ്‌ലൈൻ:** 0468 2222600

> ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


വളരെ പുതിയ വളരെ പഴയ