Zygo-Ad

ഓണച്ചെലവുകൾക്കായി സംസ്ഥാന സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു


 തിരുവനന്തപുരം :ഓണക്കാലത്തെ വർധിച്ച സാമ്പത്തിക ബാധ്യതകൾ നികത്തുന്നതിനായി കടപ്പത്ര ലേലത്തിലൂടെ 2,200 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന ബോണ്ട് ലേലത്തിലൂടെയാണ് ഈ തുക സമാഹരിക്കുന്നത്. ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങൾ എന്നിവയ്ക്കായി പതിനായിരം കോടി രൂപയോളം സാമ്പത്തിക ബാധ്യതയാണ് ഓണക്കാലത്ത് സർക്കാരിനുള്ളത്. ഈ പുതിയ കടമെടുപ്പോടെ നിലവിലെ സർക്കാരിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. കൂടുതൽ കടമെടുപ്പ് പരിധി അനുവദിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനത്തിന് സാധ്യത കുറവാണ്.

അതേസമയം, ആഭ്യന്തര പണലഭ്യത വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ട്രഷറി പ്രത്യേക നിക്ഷേപ സമാഹരണ യജ്ഞത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നീളുന്ന പദ്ധതിയിലൂടെ രണ്ടു വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് മുതിർന്ന പൗരന്മാർക്ക് 8 ശതമാനവും പൊതുജനങ്ങൾക്ക് 7.75 ശതമാനവും സ്ഥാപനങ്ങൾക്ക് 7.65 ശതമാനവും പലിശ ലഭിക്കും. സെപ്റ്റംബർ 30-ന് ശേഷം നടത്തുന്ന നിക്ഷേപങ്ങൾക്ക് സാധാരണ പലിശ നിരക്കായിരിക്കും ബാധകമാകുക.

 

വളരെ പുതിയ വളരെ പഴയ