ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തെ പാർലമെന്റ് പാസാക്കിയ ബില്ലിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതോടെ ഭരണഘടന ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും.
ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും 'Government of Kerala' എന്നതിന് പകരം 'Government of Keralam' എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
