തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിൽ സുപ്രധാന നാഴികക്കല്ലാകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തു നിന്നുള്ള കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചതോടെ വിഴിഞ്ഞം ഇനി കടലിൽനിന്ന് കരയിലേക്ക് കൂടുതൽ വികസിക്കുകയാണ്.
ചടങ്ങിൽ കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ മുഖ്യാതിഥിയായി പങ്കെടുത്തു. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന 'മിഷൻ സമുദ്ര'യുടെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ഇതോടെ സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിലും സമയലാഭത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന ഗേറ്റ് വേയായി വിഴിഞ്ഞം മാറും. തുറമുഖത്തോട് ചേർന്ന് കൂടുതൽ വലിയ വികസന പദ്ധതികൾക്ക് ഇത് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
