ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. റെയിൽവേ ശൗചാലയങ്ങൾ പലതും വൃത്തിഹീനമായ അവസ്ഥയിലാണെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദക്ഷിണ റെയിൽവേയിലെ പാലക്കാട് ജങ്ഷൻ, കോയമ്പത്തൂർ സ്റ്റേഷനുകളിലാണ് ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പുറമെ ഹൈദരാബാദ്, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, മധുപൂർ തുടങ്ങിയ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിലെ വെള്ളത്തിലും ബാക്ടീരിയ പോസിറ്റീവാണ്. ഇ കോളി ബാക്ടീരിയയുടെ ചില വകഭേദങ്ങൾ തീവ്രമായ ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്നവയാണ്.
രാജ്യത്തൊട്ടാകെയുള്ള 512 നോൺ-സബർബൻ ഗ്രേഡ് സ്റ്റേഷനുകളിലായിരുന്നു സിഎജി പരിശോധന നടത്തിയത്. 2022-23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിലെയും 2023-24 കാലയളവിൽ ഒമ്പത് സോണുകളിലെ 56 സ്റ്റേഷനുകളിലെയും പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാർക്കായി കുടിവെള്ളവും ശൗചാലയവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ റെയിൽവേ ബോർഡ് കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് ഓഡിറ്റ് നടത്തിയത്. പരിശോധിച്ച 512 സ്റ്റേഷനുകളിൽ 458 എണ്ണത്തിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും സിഎജി വ്യക്തമാക്കുന്നു.
