കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണം പവന് 880 രൂപ വർധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വർധിച്ചതിന് പിന്നാലെയുണ്ടായ ഈ വർധനവ്, സ്വർണവിലയെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയാണ് മാറ്റമില്ലാത്ത വില. എന്നാൽ ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലിയും ജി.എസ്.ടിയും കൂടി നൽകേണ്ടി വരും. ശരാശരി 10 ശതമാനം പണിക്കൂലിയും, പണിക്കൂലി അടക്കമുള്ള തുകയുടെ 3 ശതമാനം ജി.എസ്.ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.33 ലക്ഷം രൂപ വരെ ചെലവാകും.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണത്തിന് കരുത്തേകിയത്. യു.എസ്. ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
