കണ്ണൂർ: സംസ്ഥാനത്ത് ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ അർഹരായ ഒരു കർഷകനും അവസരം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് നടപടി. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം നേരിട്ടവർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കാൻ നേരത്തെ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് സമയപരിധി ദീർഘിപ്പിച്ചത്.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത കർഷകർ സെപ്റ്റംബർ അഞ്ചിനകം എ.ഐ.എം.എസ് (AIMS) പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കണം. കർഷകർക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കി കൃഷി പുനരാരംഭിക്കാനുള്ള പിന്തുണ സർക്കാർ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
