കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് (18/08/2026) അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകുന്നേരം 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) എന്നീ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തമിഴ്‌നാട്, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാല ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ചെറു വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
