കണ്ണൂർ: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ ധനസഹായം നൽകുന്നു. തിരിച്ചടക്കേണ്ടതില്ലാത്ത ഈ തുക ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷക്ഷേമ വകുപ്പാണ് അനുവദിക്കുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം.
വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. മുൻഗണനാ കാർഡുടമകൾ, മക്കളില്ലാത്തവർ, പെൺമക്കൾ മാത്രമുള്ളവർ, അപേക്ഷകയോ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കണ്ണൂർ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തിൽ നേരിട്ടോ തപാലിലോ സെപ്റ്റംബർ 10നകം സമർപ്പിക്കണം. അപേക്ഷാ ഫോം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
