തിരുവനന്തപുരം: ഉപഭോക്താക്കളുടെ അറിവില്ലാതെ വായ്പകൾ അനുവദിച്ച് ശ്രീറാം ഫിനാൻസ് വൻ തട്ടിപ്പ് നടത്തുന്നതായി ഗുരുതര ആക്ഷേപം. മുൻപ് വായ്പയെടുത്തവരുടെ വിവരങ്ങൾ ഉപയോഗിച്ച് രഹസ്യമായി വീണ്ടും ലോണുകൾ പാസ്സാക്കുന്നതായാണ് പരാതികൾ ഉയർന്നിരിക്കുന്നത്.
പുതിയ വായ്പകൾക്കായി അപേക്ഷിക്കുമ്പോൾ സിബിൽ സ്കോറിലുണ്ടായ ഇടിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉപഭോക്താക്കൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവര പുറത്തുവന്നത്. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആറ് ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ള വലിയ തുകയുടെ വായ്പകളാണ് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ദുരുപയോഗം ചെയ്ത് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളിൽ കമ്പനിയുടെ ഭാഗത്തുനിന്ന് സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നാണ് ശ്രീറാം ഫിനാൻസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
