ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു വർഷം മുൻപാണ് കൊല്ലപ്പെട്ട വ്യക്തിയും കുടുംബവും കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. അയൽവാസികളുമായോ പ്രദേശവാസികളുമായോ ഇവർക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാരും പഞ്ചായത്തംഗവും വ്യക്തമാക്കുന്നു.
കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസവും കൊച്ചുമകളായ പെൺകുട്ടിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് സമീപവാസിയായ കടയുടമ പറഞ്ഞു. കൊലപാതകത്തിന് ശേഷമുള്ള ദിവസങ്ങളിൽ പെൺകുട്ടി കടയിലെത്തി പലഹാരങ്ങൾ വാങ്ങിച്ചിരുന്നെങ്കിലും ആളുകളുമായി സംസാരിക്കാൻ മടിച്ചിരുന്നു. സംഭവദിവസം മുത്തച്ഛൻ മരിച്ചുകിടക്കുമ്പോഴും പരീക്ഷയുണ്ടെന്ന് പറഞ്ഞ് പെൺകുട്ടി സ്കൂളിൽ പോകാൻ തയ്യാറായതായും നാട്ടുകാർ വെളിപ്പെടുത്തി.
അതേസമയം, അറസ്റ്റിലായ പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ലഹരി ഉപയോഗവും സംശയകരമായ കൂട്ടുകെട്ടുകളും ഇവർക്ക് ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം കവർന്ന സ്വർണം വിൽക്കാൻ സഹായിച്ച മോഷണക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് പ്രദേശത്ത് തെളിവെടുപ്പ് നടത്തി.
