യാദ്ഗിർ: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചെന്നാരോപിച്ച് പിതാവ് രണ്ട് മക്കളെ കനാലിലേക്ക് തള്ളി കൊലപ്പെടുത്തി. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ കനാലിൽ നിന്ന് കണ്ടെത്തി.
ശാന്തപ്പ എന്നയാൾ മൂന്ന് മക്കളെയും കൂട്ടി ബൈക്കിൽ ബിഗുഡി പ്രദേശത്തെ കനാലിന് സമീപത്തേക്ക് പോകുകയായിരുന്നു. തുടർന്ന് രണ്ട് കുട്ടികളെ ഇയാൾ വെള്ളത്തിലേക്ക് തള്ളിവിട്ടു. ഒപ്പമുണ്ടായിരുന്ന ആറുവയസ്സുകാരിയായ മറ്റൊരു മകളെയും കൊണ്ട് യാദ്ഗിർ നഗരത്തിലേക്ക് പോയ ഇയാൾ, പിന്നീട് 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് രണ്ട് മക്കളെ കനാലിലേക്ക് തള്ളിയ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കനാലിലെ ഒഴുക്ക് നിർത്തിവെപ്പിച്ചാണ് തെരച്ചിൽ നടത്തിയത്. വൈകീട്ടോടെ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഫയർഫോഴ്‌സ് സംഘം കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
