Zygo-Ad

സിപിഎം നിയന്ത്രണത്തിലുള്ള 'ഹലാൽ ഫായിദ' സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചു: അഴിമതി ആരോപണവുമായി നിക്ഷേപകർ.


കണ്ണൂർ: സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം പൂർണമായി നിലച്ചു. പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും ഓഹരി ഉടമകൾക്ക് പണം തിരികെ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി നിക്ഷേപകനായ മയ്യിൽ സ്വദേശി കെ.പി. നാസർ, ടി.കെ. ഗോവിന്ദൻ എംഎൽഎ വഴി മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി.

പരാതി നൽകിയ വിവരം പുറത്തുവന്നതോടെ നാസറിന്റെ ഒരു ലക്ഷം രൂപ സൊസൈറ്റി തിരികെ നൽകി. നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്നും നാസർ വ്യക്തമാക്കി.

2017 ഡിസംബറിലാണ് പലിശരഹിത ഓഹരി നിക്ഷേപം സ്വീകരിച്ച് ഇസ്‌ലാമിക ബാങ്കിങ് രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. പലിശയുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ താല്പര്യമില്ലാത്തവരിൽ നിന്ന് തുക സ്വീകരിച്ച് വ്യവസായ-വ്യാപാര-നിർമാണ മേഖലകളിൽ നിക്ഷേപിക്കുകയും ലഭിക്കുന്ന ലാഭം വീതിച്ചു നൽകുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.


എട്ട് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാനോ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കാനോ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിഷയം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടിരുന്നതായി ടി.കെ. ഗോവിന്ദൻ എംഎൽഎ വെളിപ്പെടുത്തി. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പും കോടിയേരി ബാലകൃഷ്ണൻ സ്മാരക കെട്ടിട നിർമാണ ഫണ്ടിലെ ക്രമക്കേടും തുടരുന്നതിനിടയിലാണ് കണ്ണൂരിൽ പാർട്ടിക്ക് വീണ്ടും തലവേദനയായി അടുത്ത സാമ്പത്തിക ആരോപണം പുറത്തുവരുന്നത്.

വളരെ പുതിയ വളരെ പഴയ