തിരുവനന്തപുരം: 'എൻടിഎൽ' (NTL) എന്ന വ്യാജ ആപ്പ് വഴി സംസ്ഥാനത്ത് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. വീട്ടിലിരുന്ന് ജോലി ചെയ്ത് ഉയർന്ന വരുമാനം നേടാമെന്ന് വ്യാജ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്.
തട്ടിപ്പിന്റെ രീതി:
ആദ്യം വ്യാജ ലിങ്കുകൾ അയച്ചുനൽകി ആളുകളെ 'എൻടിഎൽ' ആപ്പ് ഡൗൺലോഡ് ചെയ്യിക്കും. തുടർന്ന് ഇരകളുടെ വിശ്വാസം പിടിച്ചെടുക്കുന്നതിനായി തുടക്കത്തിൽ നിക്ഷേപിക്കുന്ന ചെറിയ തുകകൾക്ക് ആകർഷകമായ കമ്മീഷൻ നൽകുകയും അത് പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യും.
എന്നാൽ വിശ്വാസം നേടി വലിയ തുകകൾ നിക്ഷേപിച്ചു കഴിയുമ്പോൾ പണം പിൻവലിക്കാൻ സാധിക്കാത്ത വിധം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും. തുടർന്ന് തടഞ്ഞുവെച്ച തുക വിട്ടുകിട്ടണമെങ്കിൽ പ്രൊസസിംഗ് ഫീസും നികുതിയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ലക്ഷങ്ങൾ തട്ടിയെടുക്കുന്നതാണ് ഇവരുടെ പ്രവർത്തനരീതി.
* ഇത്തരം വ്യാജ ആപ്പുകൾ ഒരു കാരണവശാലും മൊബൈലിൽ ഡൗൺലോഡ് ചെയ്യരുത്.
* ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കുവെക്കരുത്.
* സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ പോലീസിന്റെ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
