കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 20 രൂപ ഡിപ്പോസിറ്റ് നൽകുന്ന പദ്ധതി ബെവ്കോ പിൻവലിച്ചു. ഇതോടെ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി ഈടാക്കില്ല.
പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും പിന്നീട് ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ തുക മടക്കി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. എന്നാൽ ഈ പദ്ധതി മദ്യശാലകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന പരാതിയെ തുടർന്നാണ് നിലവിലെ തീരുമാനം.
കാലിക്കുപ്പികൾ സംഭരിക്കാൻ കൂടുതൽ സ്ഥലം ആവശ്യമായി വന്നതും സ്റ്റോക്ക് സൂക്ഷിക്കുന്നതിന് തടസ്സമായതും ജീവനക്കാർക്ക് അധിക ബുദ്ധിമുട്ട് ഉണ്ടാക്കിയതുമാണ് പദ്ധതി നിർത്തിവെക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതി പിൻവലിച്ചതായി എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും നോട്ടീസ് പ്രദർശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രത്യേക ക്യൂആർ കോഡ് പതിപ്പിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികളിലൂടെ പദ്ധതി ആരംഭിച്ചത്. 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ മാത്രം ഉപഭോക്താക്കൾക്ക് ഏകദേശം 6.63 കോടി രൂപ ഡിപ്പോസിറ്റ് തുകയായി തിരിച്ചുനൽകിയിരുന്നു.
