സ്മാർട്ട് ഫോൺ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഇനി സ്വന്തമായി ആധാർ വിവരങ്ങൾ പുതുക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം അറിയിച്ചു. ഇതിനായി ആധാർ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. ഔദ്യോഗിക ആധാർ ആപ്പ് വഴി ലഭ്യമാകുന്ന ഈ സേവനത്തിന് അടുത്ത ആറ് മാസത്തേക്ക് ഫീസ് ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
2026 ജൂലൈ ഒന്ന് മുതൽ ഡിസംബർ വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ആപ്പ് വഴി ഇമെയിൽ ഐഡി പുതുക്കാനും പുതുതായി ചേർക്കാനും സാധിക്കും. ഈ സേവനത്തിന് മുൻപ് ഈടാക്കിയിരുന്ന എഴുപത്തിയഞ്ച് രൂപ ഫീസാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്.
ആധാറിൽ ഇമെയിൽ ഐഡി കൃത്യമായി ചേർക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ആധാർ വിവരങ്ങൾ ആരെങ്കിലും പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ഇമെയിൽ വഴി തത്സമയം നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് ദുരുപയോഗം തടയാൻ സഹായിക്കും.
പുതിയ ഫീച്ചർ ആരംഭിച്ച് രണ്ട് ദിവസത്തിനകം രണ്ടരലക്ഷത്തിലധികം ആളുകൾ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്തതായാണ് വിവരം. ആപ്പിലെ ഇമെയിൽ അപ്ഡേറ്റ് എന്ന ഓപ്ഷൻ വഴിയാണ് ഇത് ചെയ്യേണ്ടത്. മൊബൈൽ നമ്പറും വിലാസവും മാറ്റാനുള്ള സൗകര്യം ഇതിനകം തന്നെ ആപ്പിൽ ലഭ്യമാണ്. ഇതുവരെ നാല് കോടിയിലധികം ആളുകൾ മൊബൈൽ നമ്പറും പത്തുലക്ഷത്തിലധികം ആളുകൾ വിലാസവും ഇത്തരത്തിൽ മാറ്റിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
