തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ നാളെ മുതൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും നിലവിലുണ്ടാകും. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
