സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. നിലവിൽ 4,169 കോടി രൂപയുടെ കടബാധ്യതയാണ് സപ്ലൈകോയ്ക്ക് ഉള്ളത്. ബാങ്ക് വായ്പ ഇനത്തിലും വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുമായാണ് ഈ ഭീമമായ തുക കണക്കാക്കിയിരിക്കുന്നത്.
ഇതിൽ 432 കോടി രൂപ വിതരണക്കാർക്ക് മാത്രം നൽകാനുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ സപ്ലൈകോയ്ക്ക് നൽകിയത് 1813 കോടി രൂപ മാത്രമാണെന്നും ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്തുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോയ്ക്ക് കരകയറാൻ സാധിച്ചിട്ടില്ല.
സർക്കാരിൽ നിന്ന് ലഭിക്കുന്ന പരിമിതമായ സഹായം കൊണ്ട് നിലവിലുള്ള കടബാധ്യതകൾ തീർക്കാനോ മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് സ്ഥാപനം. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. കുടിശ്ശിക ലഭിക്കാത്ത പക്ഷം വലിയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനായിരുന്നു വിതരണക്കാരുടെ തീരുമാനം. വരും ദിവസങ്ങളിൽ ഓണക്കാല വിപണി സജീവമാകാനിരിക്കെ, സപ്ലൈകോയുടെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
