Zygo-Ad

യുവാവിന്റെ ജീവനെടുത്തത് ഗ്യാസ് സിലിണ്ടര്‍ മാറുമ്പോള്‍ അടുപ്പില്‍ കെടാതെ കിടന്ന കനല്‍ എന്ന് സൂചന


ഇടുക്കി: ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ഇടുക്കി കരിമ്പൻ കൊട്ടാരത്തില്‍ ജസ്റ്റിൻ ജോസ് (37)ആണ് എറണാകുളത്ത് ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെ മരണമടഞ്ഞത്.

വീട്ടിലെ അടുക്കളയില്‍ പഴയ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്‌ട് ചെയ്യുന്നതിനിടെ കഴിഞ്ഞ 22- ന് തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജസ്റ്റിന് പൊള്ളലേറ്റത്.

പാചകം ചെയ്യാനായി ഗ്യാസ് സിലിണ്ടർ മാറുമ്പോള്‍ സിലിണ്ടറിലെ വാഷറിനുണ്ടായിരുന്ന തകരാറുകൊണ്ടാണ് അപകടം സംഭവിച്ചത് എന്നാണ് സൂചന. വാഷറിലെ തകരാറു കാരണം പുറത്തേക്ക് വന്ന ഗ്യാസ് അടുക്കളയിലെ അടുപ്പില്‍ കെടാതെ കിടന്ന കനല്‍ മൂലം ആളിക്കത്തി എന്നാണ് കരുതുന്നത്.

ഗുരുതരമായി പൊള്ളലേറ്റ ജസ്റ്റിനെയും മാതാവ് ജോളി ജോസിനെയും ഉടൻതന്നെ ഇടുക്കി മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 ജോളി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജസ്റ്റിന്റെ ശ്വാസനാളത്തിലേക്ക് തീയും പുകയും വ്യാപിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം കരിമ്പനിലെ വീട്ടിലെത്തിക്കും.

വളരെ പുതിയ വളരെ പഴയ