Zygo-Ad

'ആപ്പില്‍' വീണു പോകരുത്; യുവതലമുറകൾ കടക്കെണിയിലേക്ക്, അറിയാം ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ചതിക്കുഴികള്‍


ഫോണൊന്നെടുത്ത് തിരഞ്ഞാല്‍ 'അഞ്ച് മിനിറ്റില്‍ പണം', 'പേപ്പര്‍ വര്‍ക്കുകളില്ല, കാത്തിരിപ്പില്ല' എന്നൊക്കെ വാഗ്ദാനം ചെയ്യുന്ന നൂറുകണക്കിന് ആപ്പുകള്‍ കാണാം. കേള്‍ക്കുമ്പോള്‍ ഇതൊരു മികച്ച പരിഹാരമായി തോന്നാം. 

എന്നാല്‍, ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ അഞ്ച് മിനിറ്റ് ലോണുകള്‍ സമ്മാനിച്ചത് മാസങ്ങള്‍ നീളുന്ന മാനസിക പീഡനങ്ങളും ഒടുങ്ങാത്ത കടക്കെണിയുമാണ്. ഡിജിറ്റല്‍ വായ്പാ വിപണിയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുമ്പോള്‍ മനസിലാകുന്നത് പണം കിട്ടാനുള്ള എളുപ്പത്തെക്കുറിച്ചല്ല, മറിച്ച്‌ തിരിച്ചടവ് മുടങ്ങിയാല്‍ സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ചാണ്.

ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍

ദില്ലിയില്‍ നിന്നുള്ള 28 കാരിയായ യുവതി പങ്കുവച്ച അനുഭവം നോക്കാം. കഴിഞ്ഞ വര്‍ഷം കമ്പനിയിലുണ്ടായ ചില മാറ്റങ്ങളെത്തുടര്‍ന്ന് അവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വീട്ടുവാടകയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കുമിഞ്ഞു കൂടിയപ്പോള്‍ ഒരു ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പിലൂടെ അവര്‍ ഒരു ലക്ഷം രൂപ വായ്പയെടുത്തു.

തുടക്കത്തില്‍ റിക്കവറി ഏജന്റുമാര്‍ ദിവസത്തില്‍ ഒന്നോ രണ്ടോ തവണയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിളി നിരന്തരമായി. ചിലപ്പോള്‍ മണിക്കൂറുകള്‍ ഇടവിട്ട് കോളുകള്‍ വന്നു തുടങ്ങി. പണം തിരിച്ചടച്ചില്ലെങ്കില്‍ കുടുംബത്തെയും ജോലി ചെയ്തിരുന്ന സ്ഥാപനത്തെയും വിവരമറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. 

ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയാണ് അവര്‍ ആ ലോണ്‍ അടച്ചുതീര്‍ത്തത്. ലോണ്‍ ആയിരുന്നില്ല തന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും അതിന് പിന്നാലെയുള്ള ഭയമായിരുന്നുവെന്നും അവര്‍ പറയുന്നു.

ലോണ്‍ സംബന്ധമായ വിഷയങ്ങളില്‍ നിയമസഹായം നല്‍കുന്ന 'എക്‌സ്പര്‍ട്ട് പാനല്‍'എന്ന സ്ഥാപനം പ്രതിസന്ധിയിലായ 10,000 പേരിലായി നടത്തിയ സര്‍വേയിലെ വിവരങ്ങളും ഇതിനോട് സാമ്യമുള്ളതാണ്.

 സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും റിക്കവറി ഏജന്റുമാരില്‍ നിന്ന് പീഡനം നേരിട്ടതായി പറഞ്ഞു. 67 ശതമാനം പേര്‍ക്ക് പല നമ്പറുകളില്‍ നിന്നായി നിരന്തരം കോളുകള്‍ വന്നപ്പോള്‍, 11 ശതമാനം പേരെ ഏജന്റുമാര്‍ വീട്ടിലോ ജോലിസ്ഥലത്തോ നേരിട്ടെത്തി ഭീഷണിപ്പെടുത്തി. 8 ശതമാനം പേര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയും ലഭിച്ചു.

കടക്കെണിയിലേക്ക് വീഴുന്ന യുവതലമുറ

ആദ്യമായി വായ്പയെടുക്കുന്നവരില്‍ 41 ശതമാനവും ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 46 ശതമാനത്തോളം പേരും സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഗാഡ്ജെറ്റുകള്‍ വാങ്ങാനാണ് ലോണ്‍ എടുക്കുന്നത്. 

വ്യക്തിഗത വായ്പയെടുക്കുന്നവരില്‍ 45 ശതമാനത്തോളം വരുന്ന മില്ലേനിയല്‍സ് ആകട്ടെ, ജീവിത ശൈലീ ചെലവുകള്‍ക്കും വീട് മോടിപിടിപ്പിക്കാനും ചെറിയ ബിസിനസുകള്‍ തുടങ്ങാനുമാണ് പണം കടമെടുക്കുന്നത്.

ബാങ്കുകളില്‍ നിന്ന് ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്ന പലര്‍ക്കും മിനിറ്റുകള്‍ക്കുള്ളില്‍ പണം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ വായ്പകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അതിവേഗം പണം ലഭിക്കുന്നത് വായ്പയുടെ അപകട സാധ്യതകളെക്കുറിച്ച്‌ ചിന്തിക്കുന്നതില്‍ നിന്ന് പലരെയും തടയുന്നു.

ഫോണ്‍ ആയുധമാകുമ്പോള്‍

പണം കടമെടുക്കുന്നതിനേക്കാള്‍ വലിയ അപകടം നമ്മളറിയാതെ ആപ്പുകള്‍ക്ക് നല്‍കുന്ന വിവരങ്ങളാണ്. മിക്ക ലോണ്‍ ആപ്പുകളും ഫോണിലെ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, മീഡിയ ഫയലുകള്‍ എന്നിവയിലേക്കുള്ള ആക്‌സസ് ചോദിക്കാറുണ്ട്. ഇത് സാധാരണ നടപടിയായി തോന്നാമെങ്കിലും, ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താനുള്ള ആയുധമായാണ് ഇവ ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വളരെ ഉയര്‍ന്ന പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന, ഒന്നോ രണ്ടോ ആഴ്ചത്തെ മാത്രം തിരിച്ചടവ് കാലാവധി നല്‍കുന്ന, അല്ലെങ്കില്‍ വാര്‍ഷിക പലിശ 25 ശതമാനത്തിന് മുകളിലുള്ള ആപ്പുകളെ സൂക്ഷിക്കണം. 

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അത് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ബാങ്കുകളോ എന്‍ബിഎഫ്‌സികളോ നടത്തുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ബാങ്കുകള്‍ സാധാരണയായി 10 മുതല്‍ 20 ശതമാനം വരെ പലിശ ഈടാക്കുമ്പോള്‍, ഡിജിറ്റല്‍ ലോണ്‍ ഉപയോഗിക്കുന്നവരില്‍ 45 ശതമാനം പേരും 25 ശതമാനത്തിലധികം വാര്‍ഷിക പലിശയാണ് നല്‍കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. 

ചില നിയമവിരുദ്ധ ആപ്പുകള്‍ നൂറുകണക്കിന് ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ഇത് തിരിച്ചടവ് അസാധ്യമാക്കുന്നു. ഒളിഞ്ഞിരിക്കുന്ന പ്രോസസിംഗ് ചാര്‍ജുകളും വ്യക്തതയില്ലാത്ത നിബന്ധനകളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

വായ്പയെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ അവകാശങ്ങള്‍ അറിയുക

തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തുക എന്നത് റിക്കവറിയുടെ ഭാഗമാണെന്ന് ഒരിക്കലും കരുതരുത്. ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താനോ അസഭ്യം പറയാനോ പരസ്യമായി അപമാനിക്കാനോ റിക്കവറി ഏജന്റുമാര്‍ക്ക് നിയമപരമായി അധികാരമില്ല. അവര്‍ക്ക് പൊലീസായോ കോടതിയായോ ചമയാനാവില്ല. 

വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതി നല്‍കാം. ഡാറ്റാ ദുരുപയോഗം ഉള്‍പ്പെടുന്ന കേസുകളില്‍ സൈബര്‍ പോലീസിനെയും സമീപിക്കാവുന്നതാണ്. ഏറ്റവും പ്രധാനമായി ഓര്‍ക്കേണ്ട കാര്യം ഇതാണ്. ഒരു ഇഎംഐ മുടങ്ങുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല..

വളരെ പുതിയ വളരെ പഴയ