കേരളത്തിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി പഴകിയ മത്സ്യം എത്തുന്നതായി ആശങ്ക.
ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ എത്തുന്ന ഇത്തരം മത്സ്യങ്ങളിൽ മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നതോടെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കുകയാണ്.
ചെക്ക് പോസ്റ്റുകളിൽ കൃത്യമായ പരിശോധനകൾ ഇല്ലാത്തതുമൂലം ഈ മത്സ്യങ്ങൾ നേരിട്ട് ഹോട്ടലുകളിലേക്കും കോൾഡ് സ്റ്റോറേജുകളിലേക്കും എത്തുന്നതായാണ് പരാതികൾ ഉയരുന്നത്.
ഫിഷിംഗ് ബോട്ടുകളിലെ ഫ്രീസറുകളിൽ ദിവസങ്ങളോളം സൂക്ഷിച്ച മത്സ്യങ്ങളാണ് വലിയ കണ്ടെയ്‌നറുകളിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
ഈ യാത്രയ്ക്ക് ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും എടുക്കാറുണ്ട്. ഇത്തരത്തിൽ കൊണ്ടുവരുന്ന മത്സ്യം കേടാകാതിരിക്കാൻ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നതായാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മനുഷ്യ ശരീരത്തിൽ എത്തിയാൽ ഗുരുതരമായ ദഹനസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ത്വക്ക് പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ക്യാൻസർ സാധ്യത വരെ വർധിപ്പിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഫോർമാലിൻ കലർത്തിയ മീൻ എങ്ങനെ തിരിച്ചറിയാം:
വിപണിയിൽ നിന്ന് വാങ്ങുന്ന മത്സ്യത്തിൽ ഫോർമാലിൻ അടങ്ങിയിട്ടുണ്ടോ എന്ന് ചില പ്രത്യേക ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും.
മത്സ്യത്തിന്റെ കണ്ണുകൾക്ക് അസ്വാഭാവികമായ ചുവപ്പ് നിറം കാണാൻ സാധിക്കും.
ചെതുമ്പലിനും ചെകിള പൂവിനും പ്രകൃതിദത്തമായ നിറത്തിന് പകരം പ്രകടമായ നിറവ്യത്യാസം ഉണ്ടായിരിക്കും.
മത്സ്യത്തിൽ നിന്ന് അസാധാരണമായ രാസഗന്ധം അനുഭവപ്പെടാം. കൈയിൽ എടുത്തു നോക്കിയാൽ മത്സ്യം അമിതമായി കട്ടിയുള്ളതായി (Stiff) തോന്നും.
വെള്ളത്തിൽ ഇട്ടാൽ സ്വാഭാവികത നഷ്ടപ്പെട്ട രൂപത്തിലായിരിക്കും ഇവ കാണപ്പെടുക. മത്സ്യത്തിന്റെ മാംസത്തിന് കറുപ്പ് കലർന്ന നിറവ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.
