Zygo-Ad

ഒറ്റയടിക്ക് അഞ്ചിരട്ടി കൂട്ടി; എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഇനി ചെലവേറും


തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിനുള്ള ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ ഇതിനായി ഈടാക്കിയിരുന്ന 30 രൂപയാണ് 150 രൂപയായി വർദ്ധിപ്പിച്ചത്.

ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി ബുക്കിൽ പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകാൻ പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകി സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അന്ന് ഇതിനായി പ്രത്യേക ഫീസ് നിശ്ചയിച്ചിരുന്നില്ല. ഇതിനാൽ മറ്റ് പൊതുവായ തിരുത്തലുകൾക്ക് ഈടാക്കിയിരുന്ന 30 രൂപ തന്നെയാണ് ഇതിനും വാങ്ങിയിരുന്നത്.

എന്നാൽ, പുതിയ സർട്ടിഫിക്കറ്റിന്റെ വിലയും പ്രിന്റിംഗ് ചെലവുകളും പരിഗണിക്കുമ്പോൾ നിലവിലെ ഫീസ് വളരെ കുറവാണെന്നും ചെലവിന് ആനുപാതികമായ രീതിയിൽ ഇത് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പരീക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ ഈ ഫീസ് 150 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റിയും സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. പരീക്ഷാ കമ്മിഷണറുടെ റിപ്പോർട്ടും സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയും വിശദമായി പരിശോധിച്ച ശേഷമാണ് ഫീസ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

 

വളരെ പുതിയ വളരെ പഴയ