Zygo-Ad

ഇൻസ്റ്റഗ്രാം കെണി, രക്ഷപ്പെട്ടു തിരികെ വരുന്നതിനിടെ മറ്റൊരു സംഘം പതിനാറുകാരിയെ തടവിലാക്കി പീഡനം; ഏഴു പേര്‍ക്കായി തെരച്ചില്‍


കോഴിക്കോട്: ചേവായൂരിൽ നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ തടവിലാക്കിയ പെൺകുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൈല്, വസീം, ആത്മജു എന്നിവർക്കെതിരേ പോലീസ് കേസടുത്തു.

രണ്ടു സംഘങ്ങള്‍

ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികൾ. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നു ചേവായൂർ എസ്‌എച്ചഒ പറഞ്ഞു. സുഹൈൽ കണ്ണൂർ സ്വദേശിയും മറ്റു രണ്ടുപേർ കോഴിക്കോട് സ്വദേശികളുമാണ്. 

കോഴിക്കോട് സ്വദേശികളാണ് മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങൾക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ വച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു ചേവായൂർ ഇന്സ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.

ഞെട്ടിക്കുന്ന സംഭവങ്ങള്‍

ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയിൽ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രതികള് പെൺകുട്ടിയെ തിരികെ നാട്ടിലേക്കു പോകാൻ അനുവദിച്ചു.

മറ്റൊരു സംഘം

പെൺകുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂർ സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയിൽ വീണു. വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലാക്കുകയായിരുന്നു.

 രണ്ടു സംഘങ്ങളും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പെൺകുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

36 ദിവസത്തിനു ശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി. ഇവരെ കെയർഹോമിലേക്കു മാറ്റി.

മറ്റൊരു യുവതിയും

രഹസ്യ കേന്ദ്രത്തിൽ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായും അർധരാത്രിയിലും മറ്റും യുവതി യുവാക്കൾ ഇവിടെ വന്നു പോകുന്നതായും നാട്ടുകാർ പറഞ്ഞു.

 കണ്ണൂർ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂർ സ്വദേശി പറമ്പത്ത് അജിതൻ എന്ന വ്യക്തി രണ്ടു മാസം മുൻപ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെൺകുട്ടിയെ തട്ടികൊണ്ടു വന്നു താമസിപ്പിച്ചത്.

കഴിഞ്ഞ ദിവസം കാറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ