കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വിദ്യാർഥികളെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രിയില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് നാടിനെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയ സംഭവത്തിന് വിരാമമായത്. പത്താം ക്ലാസ് വിദ്യാർഥിനിയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒളിച്ചോട്ടം നടത്തിയത് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി
യാത്രയ്ക്കുള്ള പണം കണ്ടെത്താൻ വിദ്യാർഥികളില്‍ ഒരാളുടെ ഏകദേശം 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ 10,000 രൂപയ്ക്ക് വിറ്റു. പൊലീസ് സൈബർ അന്വേഷണം ഒഴിവാക്കാൻ മറ്റ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. കാട്ടില്‍ ദിവസങ്ങളോളം കഴിയാനുള്ള ലക്ഷ്യത്തോടെ ടാർപായ, അരി, ബ്രെഡ്, പാചകപാത്രങ്ങള്‍, കത്തി തുടങ്ങിയ സാധനങ്ങളും കരുതിയിരുന്നു.
സ്കൂളിലേക്ക് പോയെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി
വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ക്ലാസില്‍ എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക വീട്ടില്‍ വിളിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂളിന് സമീപത്തെ റബർതോട്ടത്തില്‍ നിന്ന് വിദ്യാർഥിനിയുടെ യൂണിഫോം കണ്ടെത്തി. അതേസമയം, അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും അവന്റെ സുഹൃത്തായ പ്ലസ് വണ്‍ വിദ്യാർഥിയെയും കാണാതായതായി വ്യക്തമായി. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.
അന്വേഷണത്തില്‍ വഴിത്തിരിവായത് ഒരു ചിത്രം
സ്കൂളിന് സമീപത്തെ പറമ്പില്‍ അസ്വാഭാവിക സാഹചര്യത്തില്‍ മൂന്ന് കുട്ടികളെയും കണ്ട റബർ ടാപ്പിങ് തൊഴിലാളി സംശയം തോന്നി പകർത്തിയ ചിത്രം അന്വേഷണത്തില്‍ നിർണായകമായി.
ചിത്രം സ്കൂള്‍ അധികൃതർക്ക് കൈമാറിയതോടെ മൂവരും ഒരുമിച്ചാണ് പോയതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവർ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പോയതായി കണ്ടെത്തി.
കാട്ടില്‍ ടെന്റടിച്ച് താമസം
വയനാട് വടുവൻചാലിലെ ചിത്രഗിരി മേഖലയിലാണ് വിദ്യാർഥികള്‍ ഒളിവില്‍ കഴിയുന്നതെന്ന വിവരം ലഭിച്ചത്. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന മലഞ്ചെരുവില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു ഇവർ. ഇതോടെ പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്തെ കാട്ടുപ്രദേശത്ത് നിന്ന് ആദ്യം പ്ലസ് വണ്‍ വിദ്യാർഥിയെ നാട്ടുകാർ കണ്ടെത്തി. പൊലീസെത്തിയ വിവരം മനസ്സിലാക്കിയ മറ്റ് രണ്ട് പേർ സ്കൂട്ടറില്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹനങ്ങളില്‍ പിന്തുടർന്ന് പാടിവയല്‍ ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആവശ്യമായ നടപടികള്‍ പൂർത്തിയാക്കിയ ശേഷം വിദ്യാർഥികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. സംഭവത്തിന്റെ പശ്ചാത്തലവും ഒളിച്ചോട്ടത്തിന് പിന്നിലെ കാരണങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
